Thursday, 23 February 2012

മുല്ലപ്പെരിയാര്‍....ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാരപരമായി സംസാരിക്കുന്നു,ആരും പരിഹാരം നിര്‍ദേശിക്കുന്നില്ല എന്നൊരു പരാതിയാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും കേള്‍ക്കുന്നത്.പരിഹാരം പോകട്ടെ ,,ജീവന്‍ നില നിര്‍ത്താന്‍ ആണെങ്കിലും കേരളം അതിനു വേണ്ടി ശബ്ദിച്ചത് തന്നെ തെറ്റായിപ്പോയി ,,പറഞ്ഞതെല്ലാം നുണയാണ് അതുകൊണ്ട് നിരുപാധികം പിന്‍വലിച്ചു വായടച...ിരുന്നോളൂ എന്നാണല്ലോ കേന്ദ്ര ഭരണാധികാരികള്‍ പോലും പറയുന്നത്.ഇനി പരിഹാരം പറഞ്ഞേ പറ്റൂ എങ്കില്‍ എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്ന ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.................................ഭൂമി കുലുക്കം ഉണ്ടായേക്കാവുന്ന അതീവ ജാഗ്രത വേണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച ഏറ്റവും ഭയാനകമായ അവസ്ഥ 116 വര്‍ഷം പഴക്കമുള്ള കാലഹരണം ചെയ്യപ്പെട്ട ഡാം എന്ന പ്രയോഗത്തിന്റെ പ്രസക്തിയും ഇതിനാലാണ് വര്‍ധിക്കുന്നത്.എന്തെല്ലാം ന്യായ വാദങ്ങള്‍ നിരത്തിയാലും ആ പ്രദേശത്തെ ജനങ്ങളുടെ ഭീതിയകറ്റാന്‍ ഭരണാധികാരികള്‍ സത്വര നടപടികള്‍ എടുത്തേ പറ്റൂ..പലരും നടത്തിയ വിശദീകരണങ്ങള്‍ ശ്രദ്ധിച്ച ഒരാള്‍ എന്ന നിലയില്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തെ രാഷ്ട്രീയമായും ശാസ്ത്രീയമായും ഏറ്റവും കൂടുതല്‍ അപഗ്രഥിച്ച ഒരാള്‍ എന്നെനിക്കു തോന്നുന്നു.മിത വാദിയായ അദ്ദേഹം പറയുന്നത് തന്നെ പുതിയൊരു ഡാം അല്ലാതെ ഇതിനു വേറൊരു പരിഹാരം ഇല്ലെന്നാണ്.ഇതൊക്കെ കണ്ടും കേട്ടും ജീവിക്കുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരു കേരളീയനും തോന്നുന്നത് അത് തന്നെയാണ്.പുതിയ ഡാം വേണം.പക്ഷെ തമിഴ്നാട് അതിനു സമ്മതിക്കുന്നില്ല.കാരണം എന്താണ്..?പഴയ എഗ്രിമെന്റ് റദാക്കി കേരളത്തിന്റെ പണം മുടക്കി പുതിയ ഡാം പണിതാല്‍ കേരളം പറയുന്ന വര്‍ദ്ധിച്ച പാട്ടക്കരം കൊടുക്കേണ്ടി വരും.ഒരു ചിലവുമില്ലാതെ ഇപ്പോള്‍ നടത്തുന്ന വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടി വരും.അല്ലെങ്കില്‍ അതിനു റോയല്‍റ്റി കൊടുക്കേണ്ടി വരും,.ഈ കാരണങ്ങളാല്‍ എന്ത് വന്നാലും ഇതിനൊന്നും ഞങ്ങളില്ല എന്ന് തമിഴ്നാട് വാശി പിടിക്കുന്നു.ഇതിനിടയില്‍ രണ്ടു വള്ളത്തിലും ചവിട്ടി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇതിനു പിഴയൊടുക്കണം.പുതിയ ഡാമിന്റെ ചിലവു കേന്ദ്രം വഹിക്കാന്‍ തയാറാണെന്ന് പറഞ്ഞാല്‍ തന്നെ തമിഴനാടിന്റെ ആശയകുഴപ്പം ഒരു പരിധി വരെ മാറും.പഴയ ഡാമിനോട് ചേര്‍ന്ന് ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു യുദ്ധകാലടിസ്ഥാനത്തില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേന്ദ്രം തയാറാകണം.(പഴയ ഡാമിന്റെ 1600 അടി മാറി അങ്ങനെ നിര്‍മ്മിക്കാന്‍ കഴിയും എന്ന് സാങ്കേതിക വിധഗ്തര്‍ പറയുന്നു)പുതിയ ഡാം തീരുന്ന മുറയ്ക്ക് പഴയ ഡാമിലെ ജലം പുതിയതിലേക്ക് സംഭരിക്കാം.ഇതിന്റെ ചെലവ് മാത്രമല്ല,,എല്ലാ നിയമക്കുരുക്കുകളും എത്രയും പെട്ടെന്ന് പരിഹരിച്ച് ഡാം പൂര്‍ത്തിയാക്കുവാന്‍ കേന്ദ്രം തയാറാകണം. വാശി പിടിച്ച് നില്‍ക്കുന്ന തമിഴ്നാടിനെ സമാധാനിപ്പിക്കുന്ന ഒരു മധ്യസ്ഥത എന്ന നിലയില്‍ 116 വര്‍ഷം മുന്‍പ് വെച്ച കരാറിലെ തുച്ചമായ പാട്ടക്കരത്തിനു തന്നെ ഇപ്പോള്‍ കൊടുക്കുന്ന വെള്ളം ഇനിയും തമിഴ്നാടിനു കൊടുക്കാമെന്നു കേന്ദ്രത്തിന്റെ മധ്യസ്ഥതയില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ഇപ്പോള്‍ തമിഴ്നാട് ജലം കൊണ്ട് പോകുന്ന ടണലിലേക്ക് പുതിയ ഡാമില്‍ നിന്നും ടണല്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ പുതിയൊരു ടണല്‍ തന്നെ തമിഴ്നാട്ടിലേക്ക് നിര്‍മ്മിക്കുകയോ കേന്ദ്ര ചിലവില്‍ ചെയ്യണം.ഇത്തരത്തില്‍ തമിഴ്നാടിനു ഏതു സാഹചര്യത്തിലും ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഇപ്പോള്‍ കിട്ടുന്ന പോലെ ജലം കിട്ടുകയും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തണം.വാദിയെ പ്രതിയാക്കി കൊണ്ട് കേരളത്തിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കക്ഷത്തിലിരിക്കുന്നത് പോകുകയുമരുത്‌ ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം എന്ന നയമാണ് ഇപ്പോള്‍ കാണിക്കുന്നത്.കേരളം വായടച്ചിരിക്കാം..ഒരു സമരത്തിനുമില്ല..പക്ഷെ മേല്‍ പറഞ്ഞ രീതിയില്‍ കാശ് മുടക്കി ഡാം പണിയുകയും തമിഴ്നാടിനെ സാന്ത്വനിപ്പിക്കുകയും ചെയ്യാന്‍ കേന്ദ്രം തയ്യാറാകണം..അതല്ല ഇത്രയൊക്കെ ചെയ്യാമെന്ന് പറഞ്ഞാലും തികഞ്ഞ അവന്ജ്ഞയോടും ശത്രുതയോടും ഈ കാര്യങ്ങള്‍ കാണുകയും ,ആര് ചത്താലും പുതിയ ഡാം പണിയാന്‍ സമ്മതിക്കില്ല എന്ന് ധിക്കാരത്തോടെ പറയുകയും ചെയ്‌താല്‍ ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന അധികാരം സത്യസന്തമായി വിനിയോഗിക്കാനുള്ള ആര്‍ജ്ജവം കേന്ദ്രം കാണിക്കണം.അല്ലാതെ വില പേശി സീറ്റ്‌ ഉറപ്പിച്ച് പാര്‍ലമെന്റില്‍ അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കച്ചവടവും മുല്ലപ്പെരിയാര്‍ വിഷയവും തമ്മില്‍ കൂട്ടി കലര്‍ത്തരുത്..

വാൽക്കഷണം:‌- കേരളത്തെ രണ്ടായി പകുത്തുകളയാൻ പ്രാപ്തിയുള്ള ദുരന്തം സംഭവിച്ചതിനുശേഷം ജീവനോടെ ഉണ്ടായില്ലെങ്കിൽ, ഒരു അന്ത്യാഭിലാഷം കൂടെ അറിയിക്കട്ടെ. നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം. അഞ്ച് കൊല്ലം കൂടുമ്പോൾ മാറി മാറി സേവിച്ച് ഇതുപോലെ എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളരുതാത്ത അവസ്ഥയിൽ ഒരു സംസ്ഥാനത്തെ എത്തിക്കുന്നതിലും ഭേദമായിരിക്കില്ലേ അത് ?!