Friday, 5 August 2011

സൂപ്പര്‍ താരങ്ങളുടെ മാഹാത്മ്യം തിരിച്ചറിയണം

സൂപ്പര്‍ താരങ്ങളുടെ മാഹാത്മ്യം തിരിച്ചറിയണം

ജീവകാരുണ്യരംഗത്തും സാമൂഹികസേവനരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള മലയാളക്കരയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മമ്മൂട്ടിയും മോഹന്‍ലാലും കള്ളപ്പണക്കാരാണെന്നും ഇവരുടെ വീട്ടില്‍ റെയ്‍ഡ് നടത്തിയ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്തോ പിടിച്ചെടുത്തു എന്നും മാധ്യമ സിന്‍ഡിക്കറ്റിന്റെയും ചിലയിനം ബ്ലോഗര്‍മാരുടെയും പപ്പരാസി ചാനലുകളുടെയും നേതൃത്വത്തില്‍ നടത്തിയ കുപ്രചാരണങ്ങള്‍ പൊളിഞ്ഞു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചോടിക്കാനും മന്ത്രിസഭ വരെ താഴെയിടാനും ശക്തിയും സ്വാധീനവുമുള്ള മമ്മൂട്ടിയും മോഹന്‍ലാലും ആദായനികുതി വകുപ്പിന്റെ പരിശോധനയോട് സഹകരിക്കുകയും അവരെ ഇടിച്ചോടിക്കാതിരിക്കുകയും ചെയ്തത് തന്നെ വലിയ കാരുണ്യമായി വിദേശമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയ്‍ഡ് പൂര്‍ത്തിയാകും വരെ താരങ്ങള്‍ ഉദ്യോഗസ്ഥരോട് സഹകരിച്ചു എന്നതിനു പുറമേ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തിരിച്ച് അവരുടെ തന്തയ്‍ക്കു വിളിക്കാതെ പോയി ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞതും മറ്റും അവരുടെ വിനയത്തിന്റെയും സഹാനുഭൂതിയുടെയും മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റെയ്‍ഡില്‍ പലതും കണ്ടെത്തിയെങ്കിലും ഇരുതാരങ്ങളുടെയും സഹകരണവും വിശാലമനസ്സും തങ്ങളെ അമ്പരപ്പിച്ചതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആദായനികുതി ഉദ്യോഗസ്ഥന്റെ വീട്ടിലെ കറവക്കാരന്‍ പറഞ്ഞു. രണ്ടു ദിവസം റെയ്‍ഡ് കഴിഞ്ഞ് താരങ്ങളുടെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിയത് നിറകണ്ണുകളോടെയാണത്രേ. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും യാത്ര പറയുമ്പോള്‍ പല സീനിയര്‍ ഉദ്യോഗസ്ഥരും പൊട്ടിക്കരയുകയായിരുന്നു പോലും.

താരങ്ങളുടെ വീട്ടില്‍ റെയ്‍ഡ് നടത്തിയത് താരങ്ങളുടെ കയ്യില്‍ കള്ളപ്പണമുണ്ടോ എന്നു പരിശോധിക്കാനല്ല മറിച്ച് താരങ്ങളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും ഓഡിറ്റര്‍മാരും താരങ്ങളെ ചൂഷണം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാനായിരുന്നു എന്നാണറിയുന്നത്. തക്കം പാര്‍ത്തിരിക്കുകയായിരുന്ന ചില ടിവി ചാനലുകാര്‍ ഈ അവസരം മുതലെടുത്ത് താരങ്ങളുടെ കയ്യില്‍ കള്ളപ്പണവും മറ്റും ഉണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ കൊടുക്കുകയായിരുന്നു.ആദായനികുതി വകുപ്പ് റെയ്‍ഡ് ചെയ്യുക എന്നു വച്ചാല്‍ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈ ചെയ്തു കിട്ടുന്നതുപോലെയാണ് എന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ റെയ്‍ഡിലൂടെ വിശേഷാല്‍ പൗരന്മാരെന്ന ബഹുമതി കരസ്ഥമാക്കിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനു പകരം ചില മാധ്യമങ്ങള്‍ അവരെന്തോ കള്ളത്തരം കാണിച്ചു എന്ന മട്ടില്‍ വാര്‍ത്തകള്‍ നല്‍കിയത് കേരളമനസാക്ഷിയോടും ആ മനസാക്ഷി സൂക്ഷിപ്പുകാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള വഞ്ചനയാണ്.

ആദായനികുതി ഉദ്യോഗസ്ഥര്‍ വീട്ടിലേക്കു കയറി വന്നപ്പോള്‍ താരങ്ങള്‍ ഇന്‍കം ടാക്‍സുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്നു ധൈര്യമായി ചോദിക്കുകയും അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയുമൊക്കെ വീടുകള്‍ ഞങ്ങള്‍ അരിച്ചുപെറുക്കി ഇനി മമ്മൂട്ടിച്ചേട്ടന്റേം മോഹന്‍ലാല്‍ച്ചേട്ടന്റേം വീടു മാത്രമേ ബാക്കിയുള്ളൂ എന്ന് അവര്‍ മറുപടി പറയുകയും അപ്പോള്‍ താരങ്ങള്‍ റെയ്‍ഡിന് അനുമതി നല്‍കുകയുമായിരുന്നത്രേ. പല ഉദ്യോഗസ്ഥരും താരങ്ങളുടെ കാല്‍ക്കല്‍ ദക്ഷിണ വച്ച ശേഷമാണ് റെയ്‍ഡ് ആരംഭിച്ചത്.

മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കണക്കില്‍‍പ്പെടാത്ത സ്വത്തിന്റെ രേഖകളാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവച്ച തുകയെ സംന്ധിച്ചുള്ള തെറ്റിദ്ധാരണകളാണ് പ്രചാരണത്തിന് അടിസ്ഥാനം. തന്റെ വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് എന്നു നിര്‍ബന്ധമുള്ള അദ്ദേഹം തന്റെ സാധുജനസ്‍നേഹത്തെപ്പറ്റിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും ഓഡിറ്റര്‍മാരറിഞ്ഞാല്‍ ഓഡിറ്റര്‍മാര്‍ അത് പത്രക്കാരോട് പറയുകയും പത്രക്കാര് അദ്ദേഹത്തെ വാഴ്‍ത്തി വാര്‍ത്തകള്‍ എഴുതുകയും ചെയ്തേക്കും എന്ന ഭീതിമൂലം മറച്ചുവയ്‍ക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

അതേ സമയം, മോഹന്‍ലാലിന്റെ പഴയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മനപൂര്‍വം വരവുകള്‍ കുറച്ചു കാണിക്കുകയും ചെലവ് കൂട്ടിക്കാണിക്കുകയും ചെയ്ത് നികുതി കുറയ്ക്കുകയായിരുന്നു എന്നിപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. ടാക്‍സ് അടയ്‍ക്കുന്നതില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹത്തെ മനപൂര്‍വം ചതിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോട് ഇനി മിണ്ടില്ല എന്ന നിലപാടിലാണ് ആരാധകര്‍. എന്നാല്‍ വിശാലമനസ്‍കനായ ലാലേട്ടന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനോട് ക്ഷമിച്ചിരിക്കുന്നു എന്നും ആദായനികുതിവകുപ്പിനെതിരെയോ തന്നെ 28 വര്‍ഷങ്ങളായി വഞ്ചിച്ചുകൊണ്ടിരുന്ന ചതിയനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെതിരെയോ കേസ് കൊടുക്കില്ലെന്നും അയാള്‍ ചെയ്ത പാപങ്ങള്‍ ഏറ്റെടുത്ത് (യേശുക്രിസ്തുവിനെപ്പോലെ)ആദായനികുതിക്കാര്‍ക്ക് പിഴ അടയ്ക്കുമെന്നും പുതിയ ചാര്‍ട്ടേര്ഡ് അക്കൗണ്ടന്റ് സൂചിപ്പിച്ചിട്ടുണ്ട്.

പാസ്‍പോര്‍ട്ട് വെരിഫിക്കേഷനു പൊലീസുകാര്‍ വീട്ടില്‍ വരുമ്പോള്‍ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നു പറയുന്നതുപോലെയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ നിന്നു കള്ളപ്പണം പിടിച്ചു എന്നു പറയുന്നത്. അവരുടെ കണക്കുബുക്കുകളില്‍ വരയിടാനും കണക്കുകള്‍ കൂട്ടിയെഴുതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ വിട്ടു നല്‍കിയതിനെ ഇത്തരത്തില്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച മീഡിയ സിന്‍ഡിക്കേറ്റിനോട് ദൈവം ചോദിച്ചോളും. താരങ്ങള്‍ക്കു പണി കിട്ടി എന്നും പറഞ്ഞ് നൂറു നൂറു കഥകള്‍ പറഞ്ഞു പ്രചരിപ്പിച്ച പ്രേക്ഷകരോടുള്ള പ്രതികാരം പതിവുപോലെ സിനിമകളിലൂടെ തന്നെ തീര്‍ക്കുന്നതായിരിക്കും.

എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഒക്കെ പരസ്‍പരം മല്‍സരിക്കുമെങ്കിലും അണികളെ പരസ്‍പരം തമ്മില്‍ തല്ലിച്ച് രക്തസാക്ഷിപ്പട്ടിക വിപുലമാക്കുമെങ്കിലും പത്തു കാശ് കിട്ടുന്ന കേസിന് ഒന്നിച്ച് നില്‍ക്കുമെന്നു പറഞ്ഞതുപോലെ തമ്മില്‍ തല്ലാന്‍ ഫാന്‍സും ചര്‍ച്ച ചെയ്യാന്‍ പ്രേക്ഷകരും ഉണ്ടെങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണക്കുകള്‍ ഭദ്രമാക്കാന്‍ രണ്ടു പേര്‍ക്കും കൂടി ഒരേയൊരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മാത്രം (ആനക്കൊമ്പിനെപ്പറ്റി ഒരക്ഷരം പറയരുത്).

3 comments:

  1. ബെര്‍ളിയുടെ ബ്ലോഗ്ഗില്‍ വായിച്ചിരുന്നു.
    ഒന്നൂടെ ഷെയര്‍ ചെയ്തതിനു നന്നായി.
    കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുമല്ലോ. :)

    ReplyDelete
  2. കുറെ നാളായല്ലോ കണ്ടിട്ട്...!!!
    കഴിയുന്നിടത്തോളം പോസ്റ്റുകൾ കോപ്പിയടിച്ച് ഇവിടെ പോസ്റ്റുക..
    AKCPBA സിന്ദാബാദ്

    ReplyDelete
  3. ബെര്‍ലീക്കീ ജയ്‌. ബെര്‍ളിയുടെ പോസ്റ്റ്‌ ലീക്ക് ചെയ്ത തന്നെ ഞങ്ങള്‍ കണ്ടോളാം.

    ReplyDelete