യൂ എസ് ഏ, ചൈന, ഇന്ത്യ, ബ്രസീല്‍ ഇങ്ങനെ നാലുപേരെയാണ് കോപ്പന്‍ഹാഗനില്‍ ലോകം മൊത്തം ഉറ്റുനോക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഗ്രീന്‍ഹൗസ് ഗ്യാസ് കേസില്‍ പ്രതിപ്പട്ടികയില്‍ താഴോട്ടാണ്. ഇവരുനാലും തമ്മിലുള്ള കരാര്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷയും.
മൂത്തുവരുന്നതിന്റെ ഇടയിലാണ് നടുക്കുന്ന ഒരു വിഷയം ചര്‍ച്ചയ്ക്കു വന്ന് ഏവരെയും പരിഭ്രാന്തിയിലാക്കിക്കളഞ്ഞത്. ഹിമാലയന്‍ ഹിമാനികള്‍ 2035 ആം ആണ്ടോടെ അപ്രത്യക്ഷമാകും ഉടനടി എന്തെങ്കിലും നടപടി എടുത്തില്ലെങ്കില്‍ എന്നതായിരുന്നു അന്താരാഷ്ട്ര കാലാവസ്ഥാ വ്യക്തിയാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് .
ഇന്തോചൈനയിലെ പരശ്ശതകോടി ആളുകളുടെ കുടിവെള്ളവും ജീവനവും ഹിമാലയന്‍ ഹിമാനികളെ ആശ്രയിച്ചാണ്. ഇവ നശിച്ചാല്‍ ഒരുപക്ഷേ ഇന്നു കാണുന്ന ജനങ്ങളും മൃഗങ്ങളും സസ്യജാലങ്ങളുമൊന്നും അവശേഷിച്ചില്ലെന്നു വരാം. ഹിമാലയന്‍ താഴ്വാരത്തിലെ നദികളെല്ലാം അപ്രത്യക്ഷമാകും, ഈ പാപമൊന്നു കഴുകിക്കളയാന്‍ ഗംഗ പോലും ബാക്കിയാവില്ല. ലോക ജനസംഖ്യയുടെ നേര്‍പകുതിയുടെ ഉപജീവനം ഈ മഞ്ഞുമായി ബന്ധപ്പെട്ടാണ്.
ആഗോളതലത്തില്‍ ഹിമാനികള്‍ ചുരുങ്ങുന്നുണ്ടെന്നത് പുതിയ അറിവൊന്നുമല്ല, കാലാവസ്ഥാവ്യതിയാനം മനുഷ്യജീവനു നേരേയുയര്‍ത്തുന്ന ഭീഷണികളില്‍ ഒന്നാണത്. പക്ഷേ ധ്രുവങ്ങള്‍ക്കു പുറത്തെ ഏറ്റവും വലിയ ഒന്ന്, ഏഷ്യയുടെ ആര്‍ദ്രതയുടെ ആധാരശില അടുത്ത ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് തീരുമെന്ന് കേട്ടാല്‍? ആരെങ്കിലും യൂണിവേര്‍സിറ്റി ഗവേഷകരായിരുന്നേല്‍ സംശയിക്കാമായിരുന്നു, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പരമോന്നത സംഘടയാണ് പറഞ്ഞത്.
പോരാത്തേനു ഇന്ത്യയും പാക്കിസ്ഥാനും ദാണ്ടേ കഴിഞ്ഞാണ്ട് ഹിമാനി കൂടി എന്നു വീമ്പിളക്കുമ്പോഴാണ് തലയില്‍ ഇടിവെട്ടിയത്. ടിബറ്റില്‍ കയറി വികസിപ്പിച്ച ചൈനയും പറയണം സമാധാനം. സമാധാനം പറഞ്ഞിട്ടെന്തു കാര്യം ഇനി, ഇരുപത്തഞ്ചു കൊല്ലം കൊണ്ട് ഭൂഗോളത്തിനു എന്തു മാറ്റം വരുത്താന്‍.
എന്തിന്റെ കണക്കില്‍ ഈ ഇരുപത്തഞ്ചു കൊല്ലം എന്ന് അന്തം വിട്ട ഒരമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വിളിച്ചു കൂവി "അയ്യോ ഈ അണ്ണന്മാര്‍ പഴേ കോട്ട്ല്യക്കോവ് റിപ്പോര്‍ട്ടിലെ 2350 വായിച്ച വഴി തിരിഞ്ഞ് 2035 ആയതാണേ, ആരും പരിഭ്രാന്തരാകരുത്" . ഏയ് അതൊന്നുമല്ല എന്ന് ഐ പി സി സി. എന്നാ പിന്നെ എവിടുന്നെടു കിട്ടി ഈ കണക്കെന്നു ചോദിച്ചപ്പ മേലോട്ട് നോക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രഷര്‍ ഇന്ത്യക്കും ചൈനക്കും മേലേ ആണല്ലോ, ഇരുമ്പാണി തട്ടി മുളയാണി വച്ചതല്ലെന്ന് എങ്ങനെ വിശ്വസിക്കും?
ഗുണപാഠം: കാള പെറ്റെന്ന് പറഞ്ഞാല്‍ കയറെടുക്കരുത്-പറഞ്ഞത് ഏതു തമ്പുരാന്‍ ആണെങ്കിലും.
Subscribe to:
Post Comments (Atom)
anonyantony.blogspot.com/2009/12/blog-post_16.html
ReplyDeleteഹിമാലയന്‍ കോപി അടി
ReplyDeletegood job.
ReplyDelete